
പാലാ: പാലാ നഗരസഭയുടെ പുതിയ അധ്യക്ഷയായി യു.ഡി.എഫ്. വിമതവിഭാഗത്തിൽപ്പെട്ട സ്വതന്ത്ര കൗൺസിലർ മായാ രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. അധ്യക്ഷ തിരഞ്ഞെടുപ്പിൽ 16 വോട്ടുകൾ നേടിയ മായാ രാഹുൽ, യു.ഡി.എഫ്. സ്ഥാനാർഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തി. റിയയ്ക്ക് 10 വോട്ടുകളാണ് ലഭിച്ചത്.
അഞ്ച് വിമത കോൺഗ്രസ് അംഗങ്ങളിൽ നാലുപേരും 12 അംഗങ്ങളുള്ള എൽ.ഡി.എഫ്. പ്രതിപക്ഷവും മായാ രാഹുലിനെ പിന്തുണച്ചു. കോൺഗ്രസ് വിമതയായിരുന്ന ലിസിക്കുട്ടി മാത്യു പിന്നീട് ഔദ്യോഗിക കോൺഗ്രസ് പക്ഷത്തേക്ക് മടങ്ങിയിരുന്നു.
കഴിഞ്ഞ മാസമാണ് പാലാ നഗരസഭയിലെ യു.ഡി.എഫ്. അധ്യക്ഷയായിരുന്ന ദിയ ബിനു പുളിക്കക്കണ്ടം അവിശ്വാസപ്രമേയത്തിലൂടെ പുറത്തായത്. എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അഞ്ച് യു.ഡി.എഫ്. അംഗങ്ങൾ പിന്തുണച്ചതോടെയാണ് ഭരണപക്ഷത്തിന് തിരിച്ചടി നേരിട്ടത്. 26 അംഗ നഗരസഭയിൽ 17 വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പാസായത്.
ഡി.സി.സി. നേതൃത്വം നൽകിയ വിപ്പ് മറികടന്നാണ് നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസപ്രമേയത്തെ പിന്തുണച്ചത്. സ്വതന്ത്ര അംഗമായ മായാ രാഹുലിനൊപ്പം ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യു, രജിത പ്രകാശ് എന്നിവരാണ് പ്രമേയത്തെ അനുകൂലിച്ചത്.
വിപ്പ് ലംഘിച്ചതിനെ തുടർന്ന് നാല് കോൺഗ്രസ് കൗൺസിലർമാരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇവരുടെ പിന്തുണയാണ് ഇപ്പോൾ മായാ രാഹുലിന് നഗരസഭ അധ്യക്ഷ പദവിയിലെത്താൻ നിർണായകമായത്.





